Saturday, April 9, 2016

വാട്സ് ആപ്

ഒരു കവിതയെ അവളിന്നലെ പെറ്റിട്ടു മനസ്സില്ലാതെ.
അതിനു മുല കൊടുക്കണം,ലാളിക്കണം.
കഥ പറഞ്ഞു കൊടുക്കണം, പിന്നെ
ചിണ്‌ങ്ങുംമ്പോൾ മാറിലെ ചൂട് പകരണം.

പക്ഷെ സൌന്ദര്യം  നഷ്ടമാവുമെന്ന്  വാശി പിടിച്ചു കരഞ്ഞവളുടെ
മുല ഇന്നലെ അറുത്തു  മാറ്റാൻ ശ്രമിച്ചയാൾ .
മുത്തശിമാർ  ബാധ്യതയാനെന്ന്‌  പറഞ്ഞവളുടെ
ബാല്യകാലം അവൾക്കു മുന്നിൽ  മൗനയായ്.
ഒടുക്കം സ്വാതന്ത്യം വേണമെന്ന് വാശി പിടിച്ചവൾക്ക്
മുന്നിൽ  വഴിയിൽ  നിന്നും കണ്ടെടുത്തവളുടെ പെറ്റമ്മയുടെ
കണ്ണ് നീർ സമ്മാനിച്ചു.പിന്നെ
സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ തേടിയവൾ അയാളുടെ
മൌനത്തിലൂടെ പറന്നകന്നു.

പിന്നവൾ സോഷ്യൽ മീഡിയയിൽ താരമായ്.
വില പറഞ്ഞുറപ്പിക്കാൻ ആളുകളുടെ നീണ്ട
വാട്സ് ആപ് നിര.ഒടുവിൽ
മതി മറന്ന സുഖത്തിന്റെ ചുണ്ടുകളിൽ
കൊത്തി  വലിച്ച കഴുകന്റെ കണ്ണുകളെ
പേടിച്ച്  ഇന്നലെ അവളെ  ആരൊക്കെയോ
ചേർന്ന് ചങ്ങലക്കിട്ടു .

ഇതൊന്നും വക വെക്കാതെ  കവിതയുടെ
മുറുവിൽ  ഇന്നേതെക്കൊയോ ഈച്ചകൾ
അരിച്ചിറങ്ങുന്നു .

Saturday, March 21, 2015

2014 റിലീസ് ചെയ്ത Letz Christmas എന്ന ആല്‍ബത്തിലെ ഞാന്‍ എഴുതിയ ഗാനം.
ആലാപനം‌ : ജാസീ ഗിഫ്റ്റ് & ചന്ദ്രലേഖ
സംഗീതം ; ലിജോ ജോണ്‍സന്‍
LETZ CHRISTMAS - Its Time to BALLE BALLE,CHANDRALEKHA,JASSIE GIFT, LIJO JOHNSON,JOICE SAMUEL [HD]

ഈ ക്രിസ്മസ് രാവിതലായ്
മഞ്ഞു പൂക്കള്‍ പൊഴിയണ പോലെ
വിണ്ണിന്‍ രക്ഷകനായ്
എന്റെ ഉള്ളില്‍ വന്നൊരു നാഥാ.
നിന്നെ കണ്ടോട്ടെ..പുല്‍ കൂട്ടില്‍ കണ്ടോട്ടെ.
മധുര മനോഹരമാമീ ഗാനം
ഞങ്ങളോന്നായ്‌ പാടട്ടേ

ബല്ലേ..ബല്ലേ...ജിംഗിള്‍ ബെല്‍സിന്‍ ബല്ലേ.

പൈതലായ് ആ കാലിക്കൂട്ടില്‍ ദൈവ പിതാവിന്‍ പുണ്യമായ്.
ആട്ടിടയന്മാരോന്നായ് നിന്നേ വാഴ്ത്തീടുന്നെ
ഈ പാരിന്റെ രാജാവേ അങ്ങേ വന്ദിക്കുന്നേ.
വിന്‍ താരം വാനില്‍ നിന്നും വഴി കാട്ടീടും
നിന്‍ പൊന്‍ രൂപം ഞങള്‍ ക്കുള്ളില്‍ വരമേകിടും.
നിന്‍ സ്നേഹം മനതാരില്‍ പ്രഭയേകും
ഈ ക്രിസ്മസ് രാവായ്


മൊഴിയായ് വചനം മനസ്സിന്നുള്ളില്‍ പകരും സ്നേഹം
എന്‍ ദീപമായ് ഓ വിന്‍ നാളമായ്.
കനിവായ് തഴുകാന്‍ ഉള്ളിനുള്ളില്‍ വന്നൊരു ദേവന്‍
എന്നാശയായ് ഓ എന്നാത്മനായ്.
ബേദല ഹേമില്‍ നിന്നും ഒരു ലോക പിതാവ് പിറന്നു.
ചെറു താരകള്‍ ചിമ്മും വാനില്‍ പ്രിയ നാമം കേട്ടുണര്‍ന്നു.
നിന്‍ നാമം ഞങ്ങള്‍ക്കെന്നും തുണയെകിടും
നിന്‍ തിരു രൂപം ഉള്ളിനുള്ളില്‍ വഴി കാട്ടീടും
ഈ ലോകം തിരു മുന്‍പില്‍ കൈ കൂപ്പും
ഈ ക്രിസ്മസ് രാവായ്.....

ബല്ലേ..ബല്ലേ...ജിംഗിള്‍ ബെല്‍സിന്‍ ബല്ലേ.

Friday, September 10, 2010

മൃദുനൊമ്പരങ്ങള്‍..


ഇരുള്‍ വീണിരിക്കുന്നു..
ഇലകള്‍ കൊഴിഞ്ഞ വഴി മരങ്ങളില്‍,
ഋതു ഭേദങ്ങള്‍ തൊട്ടു തലോടിയ വഴിത്താരകളില്‍
നിശബ്ധത മൂടി കിടക്കുന്നു..

കാലത്തിന്‍റെ കാലൊച്ചകളില്‍
നിഴലുകളുടെ സ്പര്‍ശനം കൂടാതെ
മനസ്സ്, ഓട്ടക്കാരനെ പോലെ
പാഞ്ഞു തുടങ്ങിയിരിക്കുന്നു..
വഴിമരങ്ങള്‍ക്ക് കുളിര്‍മയേകിയ കാറ്റിനെ
കൈലൊതുക്കി, തൊട്ടും തലോടിയും മനസ്സ്
മനുഷ്യമനസ്സുകളില്‍ നിനും മാഞ്ഞു തുടങ്ങുമ്പോള്‍
ഇനി എത്താതെ പോകുന്ന മരങ്ങളുടെ
കൊമ്പുകളില്‍ കൂടൊരുക്കുവാന്‍ പിന്നെയും തിടുക്കം കൂട്ടുന്നു..

ഇരുള്‍ വീണ മനസ്സിനെ

വെളിച്ചത്തിന്റെ തൂവല്‍ കൊണ്ടു തഴുകുവാന്‍
കാലത്തിന്‍റെ കണ്ണുകളോട് കെഞ്ചുമ്പോള്‍,
ഇരുളിന്റെ മഹാനിദ്രക്കു കീഴ് പെടേണ്ടി വന്ന
ലൌകിക സ്വപ്നങ്ങളെ, ഇരുളായ് മായ്ച്ചു
വഴിമരങ്ങളുടെ ചില്ലകളില്‍ കൊഴിഞ്ഞു വീണ
ഇലകളായ് ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നു...

പോയ്‌ മറഞ്ഞ വഴികളിലൂടെ ഋതു ഭേദങ്ങള്‍
ഇനിയും യാത്ര തുടരുമ്പോള്‍, മഞ്ഞും വെയിലും കൊണ്ടു
വിറയാര്‍ന്ന കൈകളില്‍ തൊട്ടും തലോടിയും,
മനസ്സിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും
മാഞ്ഞില്ലാതായ മനസ്സിലെ
ഓര്‍മ്മകള്‍ക്ക് നല്‍കിയ ആ
ഇരുളിന്റെ ജീവിത പുസ്തകത്തില്‍
വെളിച്ചത്തിന്റെ തൂവല്‍ സ്പര്‍ശം
നല്‍കുന്നതിനിയെന്താണ്?
ഓര്‍മ്മകളിലൂടെ തലോടലായ് വന്നു
തഴുകിയുറക്കുന്ന മരണത്തിന്റെ പുഞ്ചിരിയോ
അതോ, അര്‍ത്ഥശുന്യമായ ജീവിതത്തില്‍
അവശേഷിക്കുന്ന മൃദു നൊമ്പരങ്ങളുടെ താരാട്ടോ..??

Saturday, December 13, 2008

കാത്തിരിപ്പൂ നിനക്കായി ഞാനും..

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

അറിയാതെ കേള്‍ക്കുമാ
ആത്മനൊമ്പരങ്ങള്‍ക്കും
അറിയാതെ നിര്‍വൃതി
കൊള്ളും മനസ്സിനും
ഒരു മാത്ര നേരത്തില്‍
വിട വാങ്ങി പോകുമാ
ഇണ പക്ഷിയോടൊരു വാക്കൂ മൊഴിയവേ...

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

ഒന്നും പറയാതെ പോയ നീയെന്‍ നെഞ്ചില്‍
ഒരു മുള്ളു കൊള്ളും പോലെ വേദനയായി.
എവിടെയോ മായുന്നു നീയെന്‍ കിനാവിന്റെ
ജാലക കൂട്ടില്‍ തെളിയൂ എന്‍ ഓമലേ...

ഓരോ രാത്രിയും വിട പറയും നേരത്ത്
ഓരോ രാക്കിളിയും കേഴും നിലാവത്ത്
അറിയാതെ പോകുന്നു നീയെന്റെ നൊമ്പരം.

കാത്തിരിപ്പൂ നിനക്കായി ഞാനും...!!


കവിതാ രചന,ഈണം -ജോയിസ് വാര്യാപുരം
ആലാപനം-അഭിജിത്ത് ശശി

(ഈ കവിത പാടി സഹായിച്ച എന്‍റെ സുഹൃത്ത്‌ അഭിജിത്ത് ശശിയോടുള്ള നന്ദി അറിയിക്കുന്നു..!!)


Friday, December 5, 2008

മനുഷ്യന്റെ യാത്ര

കുളിരുണര്‍ത്തുന്ന ഒരു മഞ്ഞുതുള്ളിയുടെ
തഴുകലായിരുന്നു ആ പുലരി എനിക്ക് സമ്മാനിച്ചത്‌.
കിളി കൊഞ്ചലിന്റെ നാദത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ 
എന്നിലെ പ്രതീക്ഷകളും ഉണര്‍ന്നിരുന്നു.
പഴയ ഓര്‍മ്മകളുടെ സുഗന്ധത്തില്‍ പുതിയ 
സ്വപ്നങ്ങള്‍ നെയ്തു തീര്‍ക്കുമ്പോള്‍ 
എന്‍റെ മനസ്സും ആനന്ദം കൊണ്ടിരുന്നു.
ഉദയ സൂര്യന്റെ പൊന്‍കിരണങ്ങള്‍ 
എന്നെ പുണരുവാന്‍ അടുത്ത് വന്നപ്പോള്‍ പ്രകൃതിയിലെ 
മായകാഴച്ചകളും ചിരി തൂകിയിരുന്നു. 

നിലാവിന്റെ മാറില്‍ ചാഞ്ഞുറങ്ങിയപ്പോഴും 
കിനാവിന്റെ കൂട്ടില്‍ നിന്നും മനസ്സില്‍ 
പുതിയ സ്വപ്നങ്ങള്‍ നെയ്തെടുത്തപ്പോഴും 
മനസിലെ പ്രതീക്ഷകള്‍ക്ക് ചിറകു വിടര്‍ന്നപ്പോഴും
ഒരു പുഞ്ചിരിയുടെ ഭാവം എന്‍റെ മുഖത്ത് വിരിഞ്ഞിരുന്നു.
പുതിയ പ്രഭാതത്തെ വരവേറ്റു കൊണ്ടു
ഞാനും ഈ യാത്ര തുടരുന്നു.

മണ്ണിനെയും വിണ്ണിനെയും കൈലൊതുക്കാനുള്ള 
ഒരു മനുഷ്യന്റെ യാത്ര..!! 

Wednesday, December 3, 2008

യാത്ര**


ഹൃദയം പിടയുകയായിരുന്നു.
എരിയുന്ന കനലിന്റെ ചൂടായിരുന്നു
മനസ്സിലെ ചിന്തകള്‍ക്ക്.
വികാര വിചാരങ്ങള്‍ മനസ്സിലെ കനലുകള്‍ക്കിടയില്‍
കിടന്നു നീറുംമ്പോഴും അസ്വസ്ഥതകള്‍ തന്ന
മനസ്സിന്‍റെ യാത്രകള്‍ക്ക് ഒന്നുറക്കെ
കേഴുവാന്‍ പോലും കഴിവില്ലായിരുന്നു..


ആരോടും പറയാതെ മനസ്സിലെ
സ്വപ്നങ്ങള്‍ എല്ലാം തന്നെ എരിയുന്ന തീയില്‍
ദഹിപ്പിച്ചു കളഞ്ഞപ്പോഴും മു‌കമായ
മനസ്സിന്‍റെ വേദനയില്‍ കണ്ണുനീര്‍തുള്ളികള്‍ക്ക് പോലും
ജീവന്‍ വെച്ചിരുന്നു..


മൌനമായ വീക്ഷണങ്ങളും, സ്ത്രീ സുഖത്തിനായുള്ള
ശരീരത്തിന്റെ പരക്കം പാച്ചിലുകള്‍ എല്ലാം തന്നെ
അവസാനിച്ചിരുന്നത് നൊമ്പരങ്ങളുടെയും
കണ്ണുനീരിന്റെയും വീഥികളിലായിരുന്നു...


രാത്രിയുടെ യാമങ്ങള്‍ക്ക് പോലും
മനസ്സിനെ കരയിപ്പിക്കുന്ന കാഴ്ചകളുടെ
കഥകള്‍ പറയാനുണ്ടായിരുന്നു.
അന്ധകാരത്തിന്റെ വീഥികളെ തഴുകി ഉണര്‍ത്തുന്ന
കാറ്റിനു‌ പോലും ഒരു കണ്ണുനീരിന്റെ നനവുണ്ടായിരുന്നു..


നിഗൂഡതകള്‍ തേടിയുള്ള
മനസ്സിന്‍റെ യാത്രകള്‍ക്കെല്ലാം
ഒടുവില്‍ തെളിഞ്ഞിരുന്നത്
ഒരു അജ്ഞാതന്റെ മുഖമായിരുന്നു..
മുന്നോട്ടുള്ള യാത്രകളില്‍
ഭയം ഉണര്‍ത്തുന്ന കാഴ്ചകള്‍
കണ്ണുകളില്‍ നിറയുമ്പോഴും,
മനസ്സിലെ ആശകളും പ്രതീക്ഷകളും
എല്ലാം അവസാനിക്കുമ്പോഴും
ഏകാന്തമായ ജീവിതത്തിന്റെ
താഴ്വരകളില്‍ കൂടി തുടരുകയാണീ യാത്ര..
എന്നെ പിന്‍ തുടരുന്ന അജ്‌ഞാതനെ തേടിയുള്ള യാത്ര..!!

Sunday, November 23, 2008

തെരുവിലെ യാത്ര

തെരുവിന്റെ  വീഥിയില്‍ യാത്ര ചെയ്തു ഞാന്‍ 
കണ്ടു മനസ്സിനെ കരയിക്കും ചില കാഴ്ചകള്‍.
ഇരുട്ട് നിറയുന്ന  
വീഥികള്‍ക്കുള്ളിലിനിയും 
ഹൃദയത്തെ വേദനിപ്പിക്കും രോദനങ്ങള്‍ മാത്രം..


മുന്നോട്ടു നീളുമാ വഴികളില്‍ കണ്ടു ഞാന്‍
തെരുവിനെ വീടാക്കും ചില മനുഷ്യാത്മാക്കളെ.
ഒരു ചാണ്‍ വയറിന്‍ വിശപ്പില്‍ നിന്നു കേഴുമ്പോഴും
കണ്ണുനീരില്‍ അലിയാത്ത ജീവ
ശ്ശവങ്ങള്‍ മാത്രം
ഇന്നീ മണ്ണില്‍ ബാക്കിയായിടുന്നു.
പ്രകൃതിയെ കു‌ടാക്കും പക്ഷികള്‍ പോലുമിന്നു
ആനന്ദത്താല്‍  ആര്‍ത്തുല്ലസിക്കുമ്പോള്‍
ഒരു നിമിഷമെന്കിലും ജീവിതത്തില്‍
ആനന്ദം  നുകരുവാന്‍ ഇന്നു ഈ
തെരുവിന്റെ മക്കള്‍ക്ക്‌ നിഷേധിച്ചിരിക്കുന്നു...


തെരുവിന്റെ  വീഥിയില്‍ തുടര്‍ന്നയെന്‍ യാത്രയില്‍ 
കണ്ടു ഞാന്‍ വേശ്യാ വസ്ത്രമണിഞ്ഞൊരു യുവതിയെ.
കണ്ണീരു പൊഴിയുമാ യുവതിയുടെ വാക്കുകള്‍ക്ക്
മുന്നിലെന്‍ ഹൃദയവും ഒരു നിമിഷത്തില്‍ വിതുമ്പിയിരുന്നു. 
സ്നേഹത്തിന്‍ കപടത നിറഞ്ഞിടുമൊരു
മനസ്സിന്‍ ഉടമയെ ഞാനും അറിയാതെ
സ്നേഹിച്ചു പോയിരുന്നു..
തെരുവിന്റെ വീഥിയോടു അടുത്തയെന്‍ ദേഹത്തെ
കാശിനായി ഉടുവസ്ത്രം അഴുപ്പിക്കും ജോലിയില്‍
തള്ളിവിട്ടു ആ മനുഷ്യന്‍..
ആനന്തത്തിന്‍ മുത്തുകള്‍ നിറഞ്ഞിടുമെന്‍ ജീവിതത്തില്‍
ഇന്നു വിടരാത്ത പൂവിന്റെ മൊട്ടുകള്‍ മാത്രം ബാക്കിയായിടുന്നു..
രാത്രിയുടെ സുഖത്തിനായി തന്‍ ദേഹത്തിനു വില പറയും
മനുഷ്യരുടെ മുന്നിലായി കേഴുമെന്‍ മനമിന്നു
ജീവനൊടുക്കുവാന്‍ വെമ്പല്‍ കൊണ്ടിടുമ്പോള്‍
അറിയാതെ നിശ്ചലമായി പോകുന്നു എന്‍ ഹൃദയവും,
ഇന്നെന്നിലെ പുതു ജീവനു മുമ്പില്‍....


തെരുവിന്റെ യാത്രകള്‍ നീളുമെന്‍ കണ്ണുകളില്‍
കണ്ടു ഞാന്‍ ഒരു കൂട്ടം യുവാക്കളെ.
കൈലേന്തിയ വാളിന്റെ മുനയില്‍
മണ്ണില്‍ ചോരപ്പുഴ ഒഴുക്കുന്നു ഇന്നിവര്‍.
ദുഷിച്ച മനസ്സുകള്‍ നിറയുന്ന മണ്ണിലെ
കാറ്റിലും ചോര തന്‍ ഗന്ധം അലിഞ്ഞു ചേര്‍ന്നിടുന്നു.
ശാന്തിയുടെ നാളമായി തെളിയുന്ന തിരിയെ
ഊതി കെടുത്തുന്ന മനസ്സിന്‍ ഉടമകളാമിവരിന്നു
മണ്ണിലെ പുതു തലമുറകളിലും വിഷത്തിന്‍ തുള്ളികള്‍ കലര്‍ത്തിടുന്നു...


മരവിച്ച മനസ്സുമായി തുടരുമെന്‍ യാത്രയില്‍
ഇനിയും കാണാത്ത കാഴ്ചകള്‍ നിരവധി.
കണ്‍ കുളിര്‍ക്കെ കണ്ടു മറന്ന കാഴ്ച്ചകള്‍ക്ക് മുന്നിലിനിയും
പ്രതികരിക്കാന്‍ പറ്റാത്ത എന്‍ മനസ്സും ഇന്നു
ഈ വിണ്ണിന് ഭാരമായി മാറിടുന്നു..
ഒന്നുറക്കെ കേഴുവാന്‍ കഴിയാതെ
ഈ മണ്ണില്‍ മരവിച്ച മനസ്സുമായി
എന്‍ ആത്മാവും തുടര്‍ന്നിടുന്നു ഈ യാത്ര....!!  

എന്റെ ഹൃദയത്തിന്‍ താളമല്ലേ...**

ഏതോ ജന്മങ്ങള്‍ പോലെ
വന്നീ നമ്മള്‍ ഇന്നീ
മണ്ണില്‍ ഒന്നാകുന്നു ഓമലെ.
നിന്നെ തേടി വന്നു ഞാനീ
രാവിന്‍ കൈയില്‍
രാഗത്തിന്‍ വസന്തം പോലെ.
രാക്കുയില്‍ പാട്ടു പോലെ.
രാമഴ പെയ്യും പോലെ.
ഇന്നീ നെഞ്ചില്‍ നീ മയങ്ങും നേരം
നിന്നെ എന്റെ സ്വന്തം ആക്കിടും ഞാന്‍ ഓമലെ..
നീയെന്‍ ജീവന്റെ ജീവനല്ലേ..
എന്റെ ഹൃദയത്തിന്‍ താളമല്ലേ...


പാടും രാഗം മു‌ളാന്‍ ചാരെ വായോ,
പെണ്ണെ എന്റെ കനവില്‍ ഒന്നു തെളിയുമോ?
മന്താരങ്ങള്‍ പൂക്കും സ്നേഹത്തിന്റെ ചെപ്പില്‍
മിന്നും താരമായി നീ തെളിയുമോ?
കാണും കിനാവില്‍ നിന്‍ മുഖം ..
കാണാ മറയത്തും നീ മാത്രം..
എന്റെ ഹൃദയ തന്ത്രികള്‍ മീട്ടും നേരം
നീ എന്നില്‍ അലിയുമോ പൊന്നഴകേ??
നീ എന്റെ മാത്രമോ എന്നഴകേ??

Friday, November 7, 2008

കാത്തിരിപ്പ്**

നിശബ്ദത ആയിരുന്നു അവിടെ.
മോടി പിടിപ്പിച്ച ശവക്കല്ലറകള്‍ക്കുള്ളില്‍
ആത്മാക്കള്‍ മൌനം പൂണ്ടിരുന്നു.
മനസ്സിലെ നൊമ്പരങ്ങളും കരയിക്കും കാഴ്ച്ചകളും
വേദനകള്‍ ഒന്നുമറിയാത്ത കല്ലറ തന്‍ കെട്ടുകള്‍ക്കുള്ളില്‍
വീര്‍പ്പു മുട്ടലിന്‍ ഭാവവും ആത്മാക്കളില്‍ പ്രതിഫലിച്ചിരുന്നു...

രാത്രിയുടെ നിശ്ശബ്ദത നിറയുന്ന നേരത്ത്
ശവംനാറി പൂക്കളുടെ സുഗന്ദം കാറ്റില്‍ അലിയുന്ന നേരത്ത്
ഓരിയിടുന്ന നായിക്കളുടെ ഒച്ചയില്‍
ആ കോട്ടയുടെ മുഖം ആരിലും ഒരു ഭീതി ജനിപ്പിച്ചിരുന്നു...

രാത്രിയുടെ യാമങ്ങളില്‍
ആ കോട്ടമതില്‍ കെട്ടിനുള്ളിലും സഞ്ചാരം ഉണ്ടായിരുന്നു,
ആത്മാക്കളുടെ...
പക നിറഞ്ഞ അവരുടെ ഉള്ളം
രക്തത്തിനായി ദാഹിക്കുന്നതു
പ്രകൃതി പോലും മനസ്സിലാക്കിയിരുന്നു...

മനസ്സിലെ സ്വപ്നങ്ങള്‍ ഒന്നും സഫലമാകാതെ
ശാന്തി കിട്ടാത്ത ആത്മാക്കളായി
അവര്‍ ഇന്നും നമ്മുടെ ഇടയില്‍ അലഞ്ഞു തിരിയുന്നു.
സ്പര്‍ശന സുഖമില്ലാത്ത, ഒന്നിനോടും
പ്രതികരിക്കാന്‍ പറ്റാത്ത ആ അവസ്ഥയിലും
അവരുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു..
മനസ്സിനെ കരയിക്കുന്ന ഹീന കാഴ്ചകള്‍
കണ്ണിനു മുന്‍പില്‍ നടക്കുമ്പോള്‍ പ്രതികരിക്കാതെ,
തല ചായ്ച്ചു നടക്കുന്ന മനുഷ്യജന്മങ്ങളേക്കാളും
തങ്ങള്‍ ഭേദമാണെന്നുള്ള ഒരു ഭാവവും
അവരില്‍ നിഴലിച്ചു കാണാമായിരുന്നു...

രാവിനു കൂട്ടായി മാറിയ
ആ ആത്മാക്കളുടെ ഇടയില്‍ പെട്ട് പോയ
ഈ മനുഷ്യ ജന്മവും ഇന്നു കാത്തിരിക്കുന്നു..
ഏകനായി...
വികാര വിചാരങ്ങളുടെ തീ നാളങ്ങളാല്‍
എരിയുന്ന മനസ്സുമായി, രക്തം രുചിക്കുന്ന
ആത്മാക്കളുടെ വരവും കാത്തു കല്ലറകള്‍ക്കരികില്‍
ചിരിക്കുന്ന മുഖത്തോടെ....!!

Thursday, November 6, 2008

ആശകള്‍**

ഈ കവിതയ്ക്ക് ഞാന്‍ ഈണം കൊടുത്തിട്ടുണ്ട്....
വായിക്കുക.....അഭിപ്രായം അറിയിക്കുക....!!

കടലോളം ആശകള്‍ തന്നു.
സഖി നീയെന്‍ കൂടെയിരുന്നു.
പ്രണയത്തിന്‍ ഓര്‍മ്മകള്‍ തന്നു.
സ്നേഹിക്കാന്‍ നീ കു‌ടെ വന്നു.
ഇരുള്‍ അലകള്‍ എന്നില്‍ നിറഞ്ഞിടുമ്പോള്‍
വെളിച്ചമായി നീ ചാരെ നിന്നു.
ഹൃദയത്തിന്‍ സ്പന്ധനമായി നീ തഴുകിയ നേരം,
ഞാന്‍ കിനാവിന്റെ ചെപ്പു തുറന്നു.
നിന്നെ എന്‍ സ്വന്തമാക്കാന്‍ കൊതിച്ചിരുന്നു.
സഖി, നിന്നോട് ചേരാന്‍ ഞാന്‍ കൊതിച്ചിരുന്നു...


തെളിയുന്നുവോ മണിദീപം.
കേള്‍ക്കുന്നു നിന്‍ മന നൊമ്പരം.
ഇട നെഞ്ചില്‍ നിന്‍ മുഖം, അറിയാതെ വന്നു പോം.
എവിടെ നീ പോയ് മറയുന്നു. നിഴലായി നിന്‍ ചാരെയണഞ്ഞു.
സഖി, നിന്നില്‍ ഞാന്‍ ചേര്‍ന്നലിഞ്ഞു...

മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകള്‍.
പ്രണയത്തിന്‍ കുളിരുള്ള രാവുകള്‍.
നാമൊന്നു ചേരും കിനാവുകള്‍, ഇന്നെന്റെ മനസ്സില്‍ തെളിയുന്നു.
ഇട നെഞ്ചില്‍ നീ മാത്രം.കിനാവിലും നിന്‍ പൂ മുഖം.
എന്റെ സ്നേഹത്തില്‍ നിന്നുള്ളം തഴുകീടുന്നു.
സഖി,നീ എന്റെ താകും നാള്‍ വരെ കാത്തിരുന്നു...!!

Monday, November 3, 2008

യദുകുലകൃഷ്ണന്‍**

ഈ കവിതയ്ക്ക് ഞാന്‍ ഈണം കൊടുത്തിട്ടുണ്ട്....
വായിക്കുക.....അഭിപ്രായം അറിയിക്കുക....!!


യദുകുലകൃഷ്ണ വരമരുളു‌ നീ.
വരദാനമായി നിന്‍ സംഗീതം പകരു‌.
നിന്നാത്മ ചൈതന്യം ഭക്തരില്‍ നിറക്കൂ.
സ്നേഹാമൃതം കൊണ്ടു മനമുണര്‍ത്തു....


കോലകുഴലിന്‍ വിളി കേട്ടു.
ഗോപികയാം നിന്‍ മനസ്സറിഞ്ഞു.
നിന്‍ മുരളീരവം എന്‍ മനസ്സിനെ
തൊട്ടുണര്‍ത്തും നേരം ഞാനറിഞ്ഞു,
നിന്‍ സാമിപ്യത്തില്‍ മനം നിറഞ്ഞു....


മായയാം ഈ ലോക താളുകളില്‍
മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകളാല്
‍നിന്നെ പൂജിച്ചു നിന്‍ ദാസിയാകുന്നു.
നിന്‍ പൂമുഖം എന്നില്‍ കണിയാകുന്നു.
നിന്നോട് ചേര്‍ന്നു ഞാന്‍ ജീവിച്ചിടുന്നു.
കൃഷ്ണാ, നിന്നോട് ചേര്‍ന്നു ഞാന്‍ മയങ്ങിടുന്നു...!!

Monday, October 27, 2008

സ്നേഹത്തിന്‍ മുത്തിന്‍ തിളക്കം**

പകലിനെ കാണാത്ത മു‌ങ്ങ തന്‍ കണ്ണു പോല്‍
കണ്ണുനീര്‍ കാണാത്ത മനുഷ്യരെ.
ചോര തന്‍ ഗന്ധം നിറയുന്ന കാറ്റിന്റെ
താളത്തില്‍ ആടുന്നുവോ നീ?

താളമില്ലാത്തൊരു ജീവിതത്തിന്‍ തോണി
തുഴയുന്നുവോ നീ മകനെ?
തുഴയുന്ന നേരത്തു കൈകള്‍ തളരുമ്പോള്‍
അറിയാതെ കേഴുന്നുവോ നീ?

സത്യവും, ധര്‍മ്മവും, നന്മയും, നീതിയും
കാറ്റില്‍ പറത്തുന്നുവോ നാം..
സത്യത്തിന്‍ മുത്തിന്‍ തിളക്കം കാണാതെ നാം
ഇരുട്ടിന്റെ കൂട്ടില്‍ മറയുന്നുവോ?

സ്നേഹത്തിന്‍ പൂക്കളെ കാലിട്ടരക്കുമ്പോള്‍
വിതുമ്പുന്നു ഇന്നെന്‍ ഹൃദയം.
സ്നേഹിച്ചിടുവാനിനി ആരാരുമില്ലാതെ
ഈ ജന്മം ശപിക്കുന്നു ഞാന്‍..

വിണ്ണിന്റെ കൈകളില്‍ നെയ് തിരിയായി തെളിയുവാന്‍
ജന്മങ്ങള്‍ കാത്തിരുന്നു ഞാന്‍.
കാലങ്ങള്‍ ഓരോന്നായി വന്നു പോകുമ്പോഴും
ഇരുട്ടിന്റെ കാഴ്ചകള്‍ മാത്രം.
കണ്ണില്‍ കരയിക്കും കാഴ്ച്ചകള്‍ മാത്രം..

നോവറിഞ്ഞു മനം, നെഞ്ചിന്‍ പിടച്ചിലില്‍
വാചാലമാകുന്നു ഹൃദയം.
കണ്ണുകള്‍ കാണുന്ന ഹീന കാഴ്ചകള്‍ക്കുള്ളിലിനി
ശബ്ദിക്കുക മനുജരെ നാം..

സ്നേഹത്തിന്‍ മുത്തിന്‍ തിളക്കം നിറയുന്ന
ഹൃദയത്തിന്‍ പാത്രങ്ങള്‍ ആക നാം.
സത്യമേ ജയിക്ക നീ..
ധര്‍മ്മമേ വാഴ്ക നീ..
ഈ മണ്ണിനു തിരിയായി തെളിയ നാം..
ജന്മ നാടിനു പുണ്യമായി മാറുക നാം...!!!

Sunday, October 26, 2008

ജീവിതപുസ്തകം**

ചില്ലു ജാലക കു‌ട്ടില്‍ കഴിയും പക്ഷി പോല്‍
ഇന്നു ഞാന്‍ മൌന നൊമ്പരങ്ങളാല്‍ നിന്നു കേണിടുന്നു.
രാമഴയുടെ താളത്തില്‍ ചൊല്ലുമെന്‍ കേഴലുകള്‍
ഇന്നു ഈ പ്രകൃതിക്കും പുതു ഗാനമായി മാറിടുന്നു.
മനസ്സെന്ന സ്ഫടിക പാത്രത്തില്‍
തിളങ്ങും മുത്തുകള്‍ പോല്‍ ചില ഓര്‍മ്മകള്‍.
ഓര്‍മ്മകള്‍ തന്‍ വസന്തത്തില്‍ പുതു പൂക്കള്‍ വിരിയുമ്പോള്‍
വേദനയില്‍ നിന്നു പിടയുമൊരു രാപ്പാടി പക്ഷിയില്‍
ഒരു പുഞ്ചിരി തന്‍ ഭാവം ഉണര്‍ന്നിടുന്നു.
മനസ്സെന്ന മോഹ ജാലകത്തില്‍, മഴവില്ലു പോല്‍
സ്വപ്നങ്ങള്‍ വിരിഞ്ഞിടുമ്പോള്‍ ആ സ്വപ്നങളില്‍
തന്‍ നൊമ്പരങ്ങളും അലിഞ്ഞു ചേര്‍ന്നിടുന്നു.
ദുഃഖങ്ങള്‍ നിറയുമെന്‍ ജീവിത പുസ്തകത്തില്‍
ഇനിയും ആശകള്‍ തന്‍ ചെപ്പ് തുറന്നിടുമ്പോള്‍
എന്‍ ആത്മാവിനെ തഴുകിയുണര്‍ത്തുമാ
വാക്കുകള്‍ കുറിക്കുവാന്‍ എന്‍ കൈകളും വിറച്ചിടുന്നു.
മരണമെന്ന ശയ്യയില്‍ മനസ്സ് കൊണ്ടടുക്കുമ്പോള്‍
അറിയുന്നു എന്‍ അന്തരംഗവും, എന്‍ ജീവിതം
ഇന്നൊരു ലകഷ്യത്തിലെത്താത്ത ഓട്ടക്കാരനെ പോല്‍.
ഓടി തളര്‍ന്നിടുമാ എന്‍ ദേഹവും ഇന്നു ഒരിറ്റു
ദാഹ ജലത്തിനായി ഈ മണ്ണില്‍ നിന്നു കേണിടുമ്പോള്‍,
എന്‍ ആത്മാവിന്‍ ദാഹം മാറ്റുവാന്‍
ഇനിയുമെന്‍ ശരീരത്തിന്‍ രക്തത്തുള്ളികള്‍
മാത്രമെന്ന് ഞാനുമറിഞ്ഞിടുന്നു...!!

Saturday, October 25, 2008

നിലാവേ നീ മായുമോ??**

മിന്നായമൊന്നു ഞാന്‍ കണ്ടു നിന്‍ പൂമുഖം
ഇന്നെന്റെ നെഞ്ചില്‍ തെളിഞ്ഞു നിന്നു.
ഒരു വാക്കു പോലും നീ മിണ്ടാതെ പോയ ആ
നാള്‍കള്‍ ഞാനിന്നോര്‍ത്തിരുന്നു.


കാലില്‍ കിലുങ്ങുന്ന പാദസരത്തിന്റെ
കൊഞ്ചലില്‍ ഞാനൊന്നലിഞ്ഞിരുന്നു.
നീയറിയാതെ നിന്‍ പുറകില്‍ നടന്ന ഞാനൊരു
പെരുവഴി പാതയില്‍ എത്തിയിരുന്നു.


ചിരിക്കും നിന്‍ പൂമുഖ ചേലില്‍ ഞാനിന്നൊരു
കിനാവിന്റെ കൂടൊന്നൊരുക്കി വെച്ചു.
കിനാവിന്റെ കു‌ട്ടില്‍ ഞാനൊന്നുറങ്ങിയന്നേരം
അറിയാതെ പ്രണയത്തിന്‍ മധു നുകര്‍ന്നു.


മനസ്സിന്‍റെ തോപ്പില്‍ വിരിയുന്ന പൂവുകള്‍
പ്രണയത്തിന്‍ സുഗന്ധം പരത്തി വെച്ചു.
പ്രണയം മനസ്സില്‍ നിറഞ്ഞു ഞാനന്നേരം
പ്രണയത്തിന്‍ കവിതകള്‍ എഴുതിവെച്ചു.


നിലാവിന്റെ മാറില്‍ തെളിഞ്ഞൊരു താരകം
കണ്ണൊന്നു ചിമ്മി ചിരിച്ചു നിന്നു.
കണ്ണൊന്നു ചിമ്മിയാ താരകം ചൊല്ലി,എന്നോട്
"പ്രണയിക്കുവാന്‍ ഒരു പാടുമില്ല... മകനേ,
പക്ഷേ പ്രണയിനിയെ കെട്ടുവാന്‍ പാടു മാത്രം"....!!

Thursday, October 23, 2008

നമ്മള്‍**

താളം തെറ്റിയ ജീവിതത്തിന്റെ
കോമരങ്ങള്‍ നമ്മള്‍...(2)
കണ്ണിനു മുന്‍പില്‍ വെട്ടിക്കൊല്ലും
ഹീന പാത്രങ്ങള്‍ നമ്മള്‍...(2)
ജനിപ്പിച്ചോരമ്മ തന്‍ മുന്‍പില്‍,
മകനെ കുത്തി കൊന്നിടും
ക്രൂര പാത്രങ്ങള്‍ നമ്മള്‍...(2)
രക്ത ബന്ധമാണേലും, അല്ലേലും അറിയാതെ
കാമത്തിന്‍ കേളി നടത്തിടും നമ്മള്‍...(2)
ഒരു വാക്കില്‍ തീര്‍ത്തിടും രക്തബന്ധങ്ങള്‍
നമ്മള്‍...
ഒരു നോക്കില്‍ കണ്ടു മറന്നിടും കാഴ്ചകള്‍
നമ്മള്‍...
ഭുമി തന്‍ പരപ്പില്‍ കണ്ടു നടന്നു,
കണ്ണില്‍ എരിയുന്ന അഗ്നി പോല്‍
ഉണര്‍ത്തിടും കാഴ്ചകള്‍...
മങ്ങിയ കാഴ്ചകള്‍ കാണുവാന്‍ ഇനിയും
നാം കണ്കള്‍ തുറക്കണം...
നമ്മള്‍, ഇനിയും കണ്കള്‍ തുറക്കണം..
മുന്നോട്ടു പോകുന്ന വഴികളില്‍ ഇനിയും
കാണാത്ത കാഴ്ചകള്‍ മാത്രം...
ആത്മാവിനെ കരയിക്കും കാഴ്ചകള്‍ മാത്രം..
താളം തെറ്റിയ ജീവിതത്തിന്റെ
കോമരങ്ങള്‍ നമ്മള്‍....
കോമരങ്ങള്‍ നമ്മള്‍....!!!

Sunday, October 19, 2008

പ്രണയം തന്നത്**



ഹൃദയത്തിന്‍ താളത്തില്‍
തഴുകുമൊരു സ്വരം പോല്‍
മനസ്സില്‍ സ്വപ്നങ്ങള്‍ ജനിപ്പിക്കും
മൃദു ഭാവമല്ലയോ പ്രണയം...



നിലാവിന്‍ നിറവില്‍
മിന്നി നില്‍ക്കുമാ താരാ ജാലങ്ങള്‍ക്കിടയില്‍
പൂത്തു നില്‍ക്കുമൊരു പൂവിന്‍ കുരുന്നു പോല്‍
മനസ്സില്‍ നിറയും പുതു പ്രതീക്ഷകള്‍ക്ക്
ഉണര്‍വല്ലയോ പ്രണയം...



അറിയാതെ കാണുമാ കിനാവില്‍
തെളിയുമൊരു പൂവിന്‍ പുഞ്ചിരി പോല്‍
ആത്മാവിനെ തഴുകിയുണര്‍ത്തുമൊരു
മൃദു രാഗമല്ലയൊ പ്രണയം...



താളത്തില്‍ ചോല്ലുവാന്‍
ഈണങ്ങള്‍ മൂളുമ്പോള്‍
ഹൃദയത്തെ ഉണര്‍ത്തുമൊരു
പുതു കവിതയല്ലയോ പ്രണയം...!!




Sunday, October 12, 2008

പുണ്യജന്മം**

ഈറനണിഞ്ഞുണരും പുലരി തന്‍ കയ്യില്‍
മധുകണങ്ങള്‍ പോല്‍ മഞ്ഞുതുള്ളി തുള്ളി കളിച്ചു..
പുലര്‍ക്കാല നേരത്തില്‍ മൊട്ടിട്ടു വിരിയും
പൂവുകള്‍ നിന്‍ കാതുകളില്‍ മൊഴിയുന്നു...
"മറക്കുക മനസ്സിന്‍ ദുഖങ്ങളെ,
ഇനിയും വസന്തത്തിന്‍ സംഗീതം
നിന്‍ കാതുകളില്‍ കേട്ടീടുമെന്ന്"....

ജനിച്ചു പോയ നാള്‍ മുതല്‍
മണ്ണിലെ കൌതുകങ്ങളില്‍ മുഴുകിടും നേരം വരെ
മനസ്സില്‍ ആശ്ചര്യത്തിന്‍ തിരകള്‍ ഉണര്‍ന്നീടുന്നു.
അറിയാതെ ചിന്തിച്ചു ഞാന്‍ ഈ പ്രകൃതിയുടെ കൈപ്പണി
ഈശ്വര സൃഷ്ടികളില്‍ എത്രയോ വലുതെന്നു.
ദൂരേക്കു നീളുമാ ഈ പ്രകൃതി തന്‍ ചരിവുകളില്‍
ഇനിയും കാണാത്ത കാഴ്ചകള്‍ അനവധി.
കണ്‍ കുളിര്‍ക്കെ കണ്ടുറങ്ങുവാന്‍ ഒരായിരം ആശകള്‍
മനസ്സില്‍ ബാക്കിയാകുമ്പോള്‍ ഇനിയും ഈ പുണ്യ ഭു‌മിയില്‍
ഒരു ജന്മത്തിനായി എന്‍ ആത്മാവും ഈശ്വരനോട് കേണിടുന്നു..
അറിയാതെ എന്‍ അന്തരാത്മാവും ഒരു മാത്രയില്‍
എന്‍ പുണ്യ ജീവിതത്തിനു, സര്‍വ്വ ശക്തനാം ഈശ്വരന്റെ
മുന്‍പില്‍ കൈകള്‍ കൂപ്പിടുന്നു...
ലക്ഷ്യത്തിലെത്തുവാന്‍ ഇനിയുമെന്‍ ജീവിതത്തില്‍
യാത്രകള്‍ വേണ്ടിടുമ്പോള്‍, പതറാതെ എന്‍ മനസ്സിനെയും
നേര്‍ വഴിയില്‍ നയിച്ചീടുക സത്യ പ്രകാശമാം ദൈവമേ നീ....!!!

Thursday, October 2, 2008

എന്‍റെ ചിന്തകള്‍**



"വിണ്ണിനു തിരിയായി.
മണ്ണിനു തീ നാളമായി.
മനസ്സില്‍ എരിയുന്ന കനലായി.
കത്തുന്നൊരു അഗ്നി ജ്യാലയായി,
സത്യം ഇന്ന ദീപം തെളിയട്ടെ.
ഈ പ്രകൃതിക്കു വെളിച്ചമായി തീര്‍ന്നീടട്ടെ,
ഈ ഭു‌മി തന്‍ അന്ത്യകാലത്തോളവും"...



"ഉണരുക മനുഷ്യരെ നാം.
പകരുക മനുഷ്യ സ്നേഹം.
സ്വാന്തനിപ്പിക്കും വാക്കുകള്‍ പോല്‍
നല്‍കുക ഈശ്വര സൃഷ്ടികളില്‍
മനസ്സിന്‍ സ്നേഹ സ്പര്‍ശത്തെ"...



"മര്‍ത്ത്യന്റെ ജന്മമൊരു പൂത്തു നില്‍ക്കും
പൂവു പോല്‍ ഈ മണ്ണില്‍.
കൊഴിഞ്ഞു പോകുമാ നേരം വരെയും
മനുഷ്യ മനസ്സുകള്‍ ഓര്‍ത്തു വെക്കുവാന്‍
ചെയ്യുക നന്‍മകള്‍ നാം മാലോകര്‍ക്കായി"...


"വേദനകള്‍ നിറയുമാമെന്‍ ജീവിതം.
ആ വേദനക്കു കൂട്ടായി എന്‍ മൌന നൊമ്പരങ്ങളും ബാക്കി.
ആ നൊമ്പരങ്ങള്‍ ഇന്നു മനസ്സില്‍ അഗ്നി പോല്‍ എരിഞ്ഞമരുമ്പോള്‍
എന്‍ ഹൃദയത്തിന്‍ പിടച്ചില്‍ കാണുവാന്‍ ഇന്നു മണ്ണില്‍
പ്രതികരിക്കാത്ത സൃഷ്ടികള്‍ മാത്രം"...

"അറിയുന്നു എന്‍ അന്തരംഗവും, എന്‍ മൌന നൊമ്പരങ്ങള്‍ ഇന്നു
ഈ പ്രകൃതിയില്‍ പാട്ടായി മാറിടുന്നു എന്നു.
ദൂരെ ദിക്കില്‍ കേഴുമാ രാക്കുയില്‍ പക്ഷി തന്‍ നൊമ്പരങ്ങള്‍
ഇന്നു ഈ രാവിന് താളമായി മാറിടുമ്പോള്‍
ഈ പ്രകൃതി തന്‍ കു‌ട്ടില്‍ എന്‍ ജീവിതവും
ഒരു നെയ്ത്തിരിയായി തെളിഞ്ഞിടും.
ഒരു മാത്ര നേരത്തേക്ക് ആ നെയ്ത്തിരി നല്‍കുമാ വെളിച്ചം
ഇന്നു അന്തകാരത്തെ അകറ്റിടുമ്പോള്‍
അറിയുക മനുഷ്യ മനസ്സുകളെ സൃഷ്ടി കര്‍ത്താവിന്‍ കയ്യില്‍
ഓരോ സൃഷ്ടിയും വലുതായിടുന്നു എന്ന്...!!!


Wednesday, October 1, 2008

ആദ്യാനുരാഗം**

അനുരാഗം മൂളിയെന്‍
അരികില്‍ വന്നണയുന്ന
മധു മൊഴി, തേന്‍ കനി പക്ഷി.
നിറ സന്ധ്യയില്‍ പൂങ്കുയില്‍ പാട്ടു പോലെന്റെ
മനസ്സിനെ പുണരുന്നുവോ നീ?
അദ്യാനുരാഗത്തില്‍ ,ഹൃദയത്തിന്‍ മന്ത്രമായി
പ്രണയ സങ്കീര്‍ത്തനം ഞാന്‍ എഴുതി.
അറിയാതെ ഞാനൊന്നു പാടിയാ വരികള്‍ക്ക്
ഈണവും പഴംപാട്ട് പോലായി..
കലമാന്‍ മിഴിക്കോണില്‍
ഉണരും നിന്‍ ചിരിയഴകില്‍
മനസ്സില്‍ ഞാന്‍ കിനാവുകള്‍ നെയ്തു.
എവിടെയോ മാഞ്ഞു പോം നിന്‍ മുഖം ഇന്നെന്റെ
മനസ്സില്‍ നെയ്ത്തിരിയായി തെളിഞ്ഞു..
മൂകമായി ഉറങ്ങുന്ന സന്ധ്യക്കു പോലുമൊരു

അനുരാഗ ഭാവം നിറഞ്ഞു.
എവിടെയോ കേള്‍ക്കുമാ രാക്കുയില്‍ പാട്ടില്‍
എന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍ നിറഞ്ഞു..
അറിയാതെ ഓര്‍ത്തു പോയ് പ്രണയത്തില്‍ നീ തന്ന
സ്നേഹത്തിന്‍ ചുടു ചുംബനങ്ങള്‍..
എന്‍ ഹൃദയത്തിന്‍ ആത്മരാഗങ്ങള്‍...!!!

കടന്നു പോയ നാളുകള്‍**

മറക്കുകില്ല കാലമേ,
കടന്നു പോയ നാളുകള്‍ ഞാന്‍.
എരിയുന്ന തീ നാളം പോലെ,
മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ..
അറിയാതെയായി എന്‍ മനസ്സും എന്‍ ആത്മ നൊമ്പരങ്ങളെ..
അറിയുന്നു ഞാന്‍, എന്‍ ഹൃദയവും എന്‍
നൊമ്പരങ്ങള്‍ക്കു മുന്‍പില്‍ വാചാലമായിടുന്നു എന്ന്..
ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു,

"മണ്ണിനു ഭാരമാം ഈ ജീവിതം.
അസ്വസ്തമാം എന്‍ മനസ്സിന്‍ യാത്രകള്‍.
എവിടെ നിന്നു കിട്ടുമാ മനശാന്തി എന്നില്‍.
മണ്ണോടു ചേരുമാ നേരം ഓര്‍ത്തു വെക്കുവാന്‍
മനസ്സില്‍ ഇനി എന്‍ ജീവിതത്തിന്‍ കണ്ണീര്‍ കഥകള്‍ മാത്രം...
കാലമേ സാക്ഷിയാക നീയെന്‍ മരണത്തിന്,
നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക..
തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി
ഈ മണ്ണില്‍ എന്‍ ജീവിതം. ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍ കണികകള്‍ വിതറിടട്ടെ എന്നെന്നും"...!!!