Saturday, December 13, 2008

കാത്തിരിപ്പൂ നിനക്കായി ഞാനും..

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

അറിയാതെ കേള്‍ക്കുമാ
ആത്മനൊമ്പരങ്ങള്‍ക്കും
അറിയാതെ നിര്‍വൃതി
കൊള്ളും മനസ്സിനും
ഒരു മാത്ര നേരത്തില്‍
വിട വാങ്ങി പോകുമാ
ഇണ പക്ഷിയോടൊരു വാക്കൂ മൊഴിയവേ...

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

ഒന്നും പറയാതെ പോയ നീയെന്‍ നെഞ്ചില്‍
ഒരു മുള്ളു കൊള്ളും പോലെ വേദനയായി.
എവിടെയോ മായുന്നു നീയെന്‍ കിനാവിന്റെ
ജാലക കൂട്ടില്‍ തെളിയൂ എന്‍ ഓമലേ...

ഓരോ രാത്രിയും വിട പറയും നേരത്ത്
ഓരോ രാക്കിളിയും കേഴും നിലാവത്ത്
അറിയാതെ പോകുന്നു നീയെന്റെ നൊമ്പരം.

കാത്തിരിപ്പൂ നിനക്കായി ഞാനും...!!


കവിതാ രചന,ഈണം -ജോയിസ് വാര്യാപുരം
ആലാപനം-അഭിജിത്ത് ശശി

(ഈ കവിത പാടി സഹായിച്ച എന്‍റെ സുഹൃത്ത്‌ അഭിജിത്ത് ശശിയോടുള്ള നന്ദി അറിയിക്കുന്നു..!!)


Friday, December 5, 2008

മനുഷ്യന്റെ യാത്ര

കുളിരുണര്‍ത്തുന്ന ഒരു മഞ്ഞുതുള്ളിയുടെ
തഴുകലായിരുന്നു ആ പുലരി എനിക്ക് സമ്മാനിച്ചത്‌.
കിളി കൊഞ്ചലിന്റെ നാദത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ 
എന്നിലെ പ്രതീക്ഷകളും ഉണര്‍ന്നിരുന്നു.
പഴയ ഓര്‍മ്മകളുടെ സുഗന്ധത്തില്‍ പുതിയ 
സ്വപ്നങ്ങള്‍ നെയ്തു തീര്‍ക്കുമ്പോള്‍ 
എന്‍റെ മനസ്സും ആനന്ദം കൊണ്ടിരുന്നു.
ഉദയ സൂര്യന്റെ പൊന്‍കിരണങ്ങള്‍ 
എന്നെ പുണരുവാന്‍ അടുത്ത് വന്നപ്പോള്‍ പ്രകൃതിയിലെ 
മായകാഴച്ചകളും ചിരി തൂകിയിരുന്നു. 

നിലാവിന്റെ മാറില്‍ ചാഞ്ഞുറങ്ങിയപ്പോഴും 
കിനാവിന്റെ കൂട്ടില്‍ നിന്നും മനസ്സില്‍ 
പുതിയ സ്വപ്നങ്ങള്‍ നെയ്തെടുത്തപ്പോഴും 
മനസിലെ പ്രതീക്ഷകള്‍ക്ക് ചിറകു വിടര്‍ന്നപ്പോഴും
ഒരു പുഞ്ചിരിയുടെ ഭാവം എന്‍റെ മുഖത്ത് വിരിഞ്ഞിരുന്നു.
പുതിയ പ്രഭാതത്തെ വരവേറ്റു കൊണ്ടു
ഞാനും ഈ യാത്ര തുടരുന്നു.

മണ്ണിനെയും വിണ്ണിനെയും കൈലൊതുക്കാനുള്ള 
ഒരു മനുഷ്യന്റെ യാത്ര..!! 

Wednesday, December 3, 2008

യാത്ര**


ഹൃദയം പിടയുകയായിരുന്നു.
എരിയുന്ന കനലിന്റെ ചൂടായിരുന്നു
മനസ്സിലെ ചിന്തകള്‍ക്ക്.
വികാര വിചാരങ്ങള്‍ മനസ്സിലെ കനലുകള്‍ക്കിടയില്‍
കിടന്നു നീറുംമ്പോഴും അസ്വസ്ഥതകള്‍ തന്ന
മനസ്സിന്‍റെ യാത്രകള്‍ക്ക് ഒന്നുറക്കെ
കേഴുവാന്‍ പോലും കഴിവില്ലായിരുന്നു..


ആരോടും പറയാതെ മനസ്സിലെ
സ്വപ്നങ്ങള്‍ എല്ലാം തന്നെ എരിയുന്ന തീയില്‍
ദഹിപ്പിച്ചു കളഞ്ഞപ്പോഴും മു‌കമായ
മനസ്സിന്‍റെ വേദനയില്‍ കണ്ണുനീര്‍തുള്ളികള്‍ക്ക് പോലും
ജീവന്‍ വെച്ചിരുന്നു..


മൌനമായ വീക്ഷണങ്ങളും, സ്ത്രീ സുഖത്തിനായുള്ള
ശരീരത്തിന്റെ പരക്കം പാച്ചിലുകള്‍ എല്ലാം തന്നെ
അവസാനിച്ചിരുന്നത് നൊമ്പരങ്ങളുടെയും
കണ്ണുനീരിന്റെയും വീഥികളിലായിരുന്നു...


രാത്രിയുടെ യാമങ്ങള്‍ക്ക് പോലും
മനസ്സിനെ കരയിപ്പിക്കുന്ന കാഴ്ചകളുടെ
കഥകള്‍ പറയാനുണ്ടായിരുന്നു.
അന്ധകാരത്തിന്റെ വീഥികളെ തഴുകി ഉണര്‍ത്തുന്ന
കാറ്റിനു‌ പോലും ഒരു കണ്ണുനീരിന്റെ നനവുണ്ടായിരുന്നു..


നിഗൂഡതകള്‍ തേടിയുള്ള
മനസ്സിന്‍റെ യാത്രകള്‍ക്കെല്ലാം
ഒടുവില്‍ തെളിഞ്ഞിരുന്നത്
ഒരു അജ്ഞാതന്റെ മുഖമായിരുന്നു..
മുന്നോട്ടുള്ള യാത്രകളില്‍
ഭയം ഉണര്‍ത്തുന്ന കാഴ്ചകള്‍
കണ്ണുകളില്‍ നിറയുമ്പോഴും,
മനസ്സിലെ ആശകളും പ്രതീക്ഷകളും
എല്ലാം അവസാനിക്കുമ്പോഴും
ഏകാന്തമായ ജീവിതത്തിന്റെ
താഴ്വരകളില്‍ കൂടി തുടരുകയാണീ യാത്ര..
എന്നെ പിന്‍ തുടരുന്ന അജ്‌ഞാതനെ തേടിയുള്ള യാത്ര..!!