Saturday, April 9, 2016

വാട്സ് ആപ്

ഒരു കവിതയെ അവളിന്നലെ പെറ്റിട്ടു മനസ്സില്ലാതെ.
അതിനു മുല കൊടുക്കണം,ലാളിക്കണം.
കഥ പറഞ്ഞു കൊടുക്കണം, പിന്നെ
ചിണ്‌ങ്ങുംമ്പോൾ മാറിലെ ചൂട് പകരണം.

പക്ഷെ സൌന്ദര്യം  നഷ്ടമാവുമെന്ന്  വാശി പിടിച്ചു കരഞ്ഞവളുടെ
മുല ഇന്നലെ അറുത്തു  മാറ്റാൻ ശ്രമിച്ചയാൾ .
മുത്തശിമാർ  ബാധ്യതയാനെന്ന്‌  പറഞ്ഞവളുടെ
ബാല്യകാലം അവൾക്കു മുന്നിൽ  മൗനയായ്.
ഒടുക്കം സ്വാതന്ത്യം വേണമെന്ന് വാശി പിടിച്ചവൾക്ക്
മുന്നിൽ  വഴിയിൽ  നിന്നും കണ്ടെടുത്തവളുടെ പെറ്റമ്മയുടെ
കണ്ണ് നീർ സമ്മാനിച്ചു.പിന്നെ
സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ തേടിയവൾ അയാളുടെ
മൌനത്തിലൂടെ പറന്നകന്നു.

പിന്നവൾ സോഷ്യൽ മീഡിയയിൽ താരമായ്.
വില പറഞ്ഞുറപ്പിക്കാൻ ആളുകളുടെ നീണ്ട
വാട്സ് ആപ് നിര.ഒടുവിൽ
മതി മറന്ന സുഖത്തിന്റെ ചുണ്ടുകളിൽ
കൊത്തി  വലിച്ച കഴുകന്റെ കണ്ണുകളെ
പേടിച്ച്  ഇന്നലെ അവളെ  ആരൊക്കെയോ
ചേർന്ന് ചങ്ങലക്കിട്ടു .

ഇതൊന്നും വക വെക്കാതെ  കവിതയുടെ
മുറുവിൽ  ഇന്നേതെക്കൊയോ ഈച്ചകൾ
അരിച്ചിറങ്ങുന്നു .

Saturday, March 21, 2015

2014 റിലീസ് ചെയ്ത Letz Christmas എന്ന ആല്‍ബത്തിലെ ഞാന്‍ എഴുതിയ ഗാനം.
ആലാപനം‌ : ജാസീ ഗിഫ്റ്റ് & ചന്ദ്രലേഖ
സംഗീതം ; ലിജോ ജോണ്‍സന്‍
LETZ CHRISTMAS - Its Time to BALLE BALLE,CHANDRALEKHA,JASSIE GIFT, LIJO JOHNSON,JOICE SAMUEL [HD]

ഈ ക്രിസ്മസ് രാവിതലായ്
മഞ്ഞു പൂക്കള്‍ പൊഴിയണ പോലെ
വിണ്ണിന്‍ രക്ഷകനായ്
എന്റെ ഉള്ളില്‍ വന്നൊരു നാഥാ.
നിന്നെ കണ്ടോട്ടെ..പുല്‍ കൂട്ടില്‍ കണ്ടോട്ടെ.
മധുര മനോഹരമാമീ ഗാനം
ഞങ്ങളോന്നായ്‌ പാടട്ടേ

ബല്ലേ..ബല്ലേ...ജിംഗിള്‍ ബെല്‍സിന്‍ ബല്ലേ.

പൈതലായ് ആ കാലിക്കൂട്ടില്‍ ദൈവ പിതാവിന്‍ പുണ്യമായ്.
ആട്ടിടയന്മാരോന്നായ് നിന്നേ വാഴ്ത്തീടുന്നെ
ഈ പാരിന്റെ രാജാവേ അങ്ങേ വന്ദിക്കുന്നേ.
വിന്‍ താരം വാനില്‍ നിന്നും വഴി കാട്ടീടും
നിന്‍ പൊന്‍ രൂപം ഞങള്‍ ക്കുള്ളില്‍ വരമേകിടും.
നിന്‍ സ്നേഹം മനതാരില്‍ പ്രഭയേകും
ഈ ക്രിസ്മസ് രാവായ്


മൊഴിയായ് വചനം മനസ്സിന്നുള്ളില്‍ പകരും സ്നേഹം
എന്‍ ദീപമായ് ഓ വിന്‍ നാളമായ്.
കനിവായ് തഴുകാന്‍ ഉള്ളിനുള്ളില്‍ വന്നൊരു ദേവന്‍
എന്നാശയായ് ഓ എന്നാത്മനായ്.
ബേദല ഹേമില്‍ നിന്നും ഒരു ലോക പിതാവ് പിറന്നു.
ചെറു താരകള്‍ ചിമ്മും വാനില്‍ പ്രിയ നാമം കേട്ടുണര്‍ന്നു.
നിന്‍ നാമം ഞങ്ങള്‍ക്കെന്നും തുണയെകിടും
നിന്‍ തിരു രൂപം ഉള്ളിനുള്ളില്‍ വഴി കാട്ടീടും
ഈ ലോകം തിരു മുന്‍പില്‍ കൈ കൂപ്പും
ഈ ക്രിസ്മസ് രാവായ്.....

ബല്ലേ..ബല്ലേ...ജിംഗിള്‍ ബെല്‍സിന്‍ ബല്ലേ.

Friday, September 10, 2010

മൃദുനൊമ്പരങ്ങള്‍..


ഇരുള്‍ വീണിരിക്കുന്നു..
ഇലകള്‍ കൊഴിഞ്ഞ വഴി മരങ്ങളില്‍,
ഋതു ഭേദങ്ങള്‍ തൊട്ടു തലോടിയ വഴിത്താരകളില്‍
നിശബ്ധത മൂടി കിടക്കുന്നു..

കാലത്തിന്‍റെ കാലൊച്ചകളില്‍
നിഴലുകളുടെ സ്പര്‍ശനം കൂടാതെ
മനസ്സ്, ഓട്ടക്കാരനെ പോലെ
പാഞ്ഞു തുടങ്ങിയിരിക്കുന്നു..
വഴിമരങ്ങള്‍ക്ക് കുളിര്‍മയേകിയ കാറ്റിനെ
കൈലൊതുക്കി, തൊട്ടും തലോടിയും മനസ്സ്
മനുഷ്യമനസ്സുകളില്‍ നിനും മാഞ്ഞു തുടങ്ങുമ്പോള്‍
ഇനി എത്താതെ പോകുന്ന മരങ്ങളുടെ
കൊമ്പുകളില്‍ കൂടൊരുക്കുവാന്‍ പിന്നെയും തിടുക്കം കൂട്ടുന്നു..

ഇരുള്‍ വീണ മനസ്സിനെ

വെളിച്ചത്തിന്റെ തൂവല്‍ കൊണ്ടു തഴുകുവാന്‍
കാലത്തിന്‍റെ കണ്ണുകളോട് കെഞ്ചുമ്പോള്‍,
ഇരുളിന്റെ മഹാനിദ്രക്കു കീഴ് പെടേണ്ടി വന്ന
ലൌകിക സ്വപ്നങ്ങളെ, ഇരുളായ് മായ്ച്ചു
വഴിമരങ്ങളുടെ ചില്ലകളില്‍ കൊഴിഞ്ഞു വീണ
ഇലകളായ് ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നു...

പോയ്‌ മറഞ്ഞ വഴികളിലൂടെ ഋതു ഭേദങ്ങള്‍
ഇനിയും യാത്ര തുടരുമ്പോള്‍, മഞ്ഞും വെയിലും കൊണ്ടു
വിറയാര്‍ന്ന കൈകളില്‍ തൊട്ടും തലോടിയും,
മനസ്സിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും
മാഞ്ഞില്ലാതായ മനസ്സിലെ
ഓര്‍മ്മകള്‍ക്ക് നല്‍കിയ ആ
ഇരുളിന്റെ ജീവിത പുസ്തകത്തില്‍
വെളിച്ചത്തിന്റെ തൂവല്‍ സ്പര്‍ശം
നല്‍കുന്നതിനിയെന്താണ്?
ഓര്‍മ്മകളിലൂടെ തലോടലായ് വന്നു
തഴുകിയുറക്കുന്ന മരണത്തിന്റെ പുഞ്ചിരിയോ
അതോ, അര്‍ത്ഥശുന്യമായ ജീവിതത്തില്‍
അവശേഷിക്കുന്ന മൃദു നൊമ്പരങ്ങളുടെ താരാട്ടോ..??

Saturday, December 13, 2008

കാത്തിരിപ്പൂ നിനക്കായി ഞാനും..

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

അറിയാതെ കേള്‍ക്കുമാ
ആത്മനൊമ്പരങ്ങള്‍ക്കും
അറിയാതെ നിര്‍വൃതി
കൊള്ളും മനസ്സിനും
ഒരു മാത്ര നേരത്തില്‍
വിട വാങ്ങി പോകുമാ
ഇണ പക്ഷിയോടൊരു വാക്കൂ മൊഴിയവേ...

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

ഒന്നും പറയാതെ പോയ നീയെന്‍ നെഞ്ചില്‍
ഒരു മുള്ളു കൊള്ളും പോലെ വേദനയായി.
എവിടെയോ മായുന്നു നീയെന്‍ കിനാവിന്റെ
ജാലക കൂട്ടില്‍ തെളിയൂ എന്‍ ഓമലേ...

ഓരോ രാത്രിയും വിട പറയും നേരത്ത്
ഓരോ രാക്കിളിയും കേഴും നിലാവത്ത്
അറിയാതെ പോകുന്നു നീയെന്റെ നൊമ്പരം.

കാത്തിരിപ്പൂ നിനക്കായി ഞാനും...!!


കവിതാ രചന,ഈണം -ജോയിസ് വാര്യാപുരം
ആലാപനം-അഭിജിത്ത് ശശി

(ഈ കവിത പാടി സഹായിച്ച എന്‍റെ സുഹൃത്ത്‌ അഭിജിത്ത് ശശിയോടുള്ള നന്ദി അറിയിക്കുന്നു..!!)


Friday, December 5, 2008

മനുഷ്യന്റെ യാത്ര

കുളിരുണര്‍ത്തുന്ന ഒരു മഞ്ഞുതുള്ളിയുടെ
തഴുകലായിരുന്നു ആ പുലരി എനിക്ക് സമ്മാനിച്ചത്‌.
കിളി കൊഞ്ചലിന്റെ നാദത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ 
എന്നിലെ പ്രതീക്ഷകളും ഉണര്‍ന്നിരുന്നു.
പഴയ ഓര്‍മ്മകളുടെ സുഗന്ധത്തില്‍ പുതിയ 
സ്വപ്നങ്ങള്‍ നെയ്തു തീര്‍ക്കുമ്പോള്‍ 
എന്‍റെ മനസ്സും ആനന്ദം കൊണ്ടിരുന്നു.
ഉദയ സൂര്യന്റെ പൊന്‍കിരണങ്ങള്‍ 
എന്നെ പുണരുവാന്‍ അടുത്ത് വന്നപ്പോള്‍ പ്രകൃതിയിലെ 
മായകാഴച്ചകളും ചിരി തൂകിയിരുന്നു. 

നിലാവിന്റെ മാറില്‍ ചാഞ്ഞുറങ്ങിയപ്പോഴും 
കിനാവിന്റെ കൂട്ടില്‍ നിന്നും മനസ്സില്‍ 
പുതിയ സ്വപ്നങ്ങള്‍ നെയ്തെടുത്തപ്പോഴും 
മനസിലെ പ്രതീക്ഷകള്‍ക്ക് ചിറകു വിടര്‍ന്നപ്പോഴും
ഒരു പുഞ്ചിരിയുടെ ഭാവം എന്‍റെ മുഖത്ത് വിരിഞ്ഞിരുന്നു.
പുതിയ പ്രഭാതത്തെ വരവേറ്റു കൊണ്ടു
ഞാനും ഈ യാത്ര തുടരുന്നു.

മണ്ണിനെയും വിണ്ണിനെയും കൈലൊതുക്കാനുള്ള 
ഒരു മനുഷ്യന്റെ യാത്ര..!! 

Wednesday, December 3, 2008

യാത്ര**


ഹൃദയം പിടയുകയായിരുന്നു.
എരിയുന്ന കനലിന്റെ ചൂടായിരുന്നു
മനസ്സിലെ ചിന്തകള്‍ക്ക്.
വികാര വിചാരങ്ങള്‍ മനസ്സിലെ കനലുകള്‍ക്കിടയില്‍
കിടന്നു നീറുംമ്പോഴും അസ്വസ്ഥതകള്‍ തന്ന
മനസ്സിന്‍റെ യാത്രകള്‍ക്ക് ഒന്നുറക്കെ
കേഴുവാന്‍ പോലും കഴിവില്ലായിരുന്നു..


ആരോടും പറയാതെ മനസ്സിലെ
സ്വപ്നങ്ങള്‍ എല്ലാം തന്നെ എരിയുന്ന തീയില്‍
ദഹിപ്പിച്ചു കളഞ്ഞപ്പോഴും മു‌കമായ
മനസ്സിന്‍റെ വേദനയില്‍ കണ്ണുനീര്‍തുള്ളികള്‍ക്ക് പോലും
ജീവന്‍ വെച്ചിരുന്നു..


മൌനമായ വീക്ഷണങ്ങളും, സ്ത്രീ സുഖത്തിനായുള്ള
ശരീരത്തിന്റെ പരക്കം പാച്ചിലുകള്‍ എല്ലാം തന്നെ
അവസാനിച്ചിരുന്നത് നൊമ്പരങ്ങളുടെയും
കണ്ണുനീരിന്റെയും വീഥികളിലായിരുന്നു...


രാത്രിയുടെ യാമങ്ങള്‍ക്ക് പോലും
മനസ്സിനെ കരയിപ്പിക്കുന്ന കാഴ്ചകളുടെ
കഥകള്‍ പറയാനുണ്ടായിരുന്നു.
അന്ധകാരത്തിന്റെ വീഥികളെ തഴുകി ഉണര്‍ത്തുന്ന
കാറ്റിനു‌ പോലും ഒരു കണ്ണുനീരിന്റെ നനവുണ്ടായിരുന്നു..


നിഗൂഡതകള്‍ തേടിയുള്ള
മനസ്സിന്‍റെ യാത്രകള്‍ക്കെല്ലാം
ഒടുവില്‍ തെളിഞ്ഞിരുന്നത്
ഒരു അജ്ഞാതന്റെ മുഖമായിരുന്നു..
മുന്നോട്ടുള്ള യാത്രകളില്‍
ഭയം ഉണര്‍ത്തുന്ന കാഴ്ചകള്‍
കണ്ണുകളില്‍ നിറയുമ്പോഴും,
മനസ്സിലെ ആശകളും പ്രതീക്ഷകളും
എല്ലാം അവസാനിക്കുമ്പോഴും
ഏകാന്തമായ ജീവിതത്തിന്റെ
താഴ്വരകളില്‍ കൂടി തുടരുകയാണീ യാത്ര..
എന്നെ പിന്‍ തുടരുന്ന അജ്‌ഞാതനെ തേടിയുള്ള യാത്ര..!!

Sunday, November 23, 2008

തെരുവിലെ യാത്ര

തെരുവിന്റെ  വീഥിയില്‍ യാത്ര ചെയ്തു ഞാന്‍ 
കണ്ടു മനസ്സിനെ കരയിക്കും ചില കാഴ്ചകള്‍.
ഇരുട്ട് നിറയുന്ന  
വീഥികള്‍ക്കുള്ളിലിനിയും 
ഹൃദയത്തെ വേദനിപ്പിക്കും രോദനങ്ങള്‍ മാത്രം..


മുന്നോട്ടു നീളുമാ വഴികളില്‍ കണ്ടു ഞാന്‍
തെരുവിനെ വീടാക്കും ചില മനുഷ്യാത്മാക്കളെ.
ഒരു ചാണ്‍ വയറിന്‍ വിശപ്പില്‍ നിന്നു കേഴുമ്പോഴും
കണ്ണുനീരില്‍ അലിയാത്ത ജീവ
ശ്ശവങ്ങള്‍ മാത്രം
ഇന്നീ മണ്ണില്‍ ബാക്കിയായിടുന്നു.
പ്രകൃതിയെ കു‌ടാക്കും പക്ഷികള്‍ പോലുമിന്നു
ആനന്ദത്താല്‍  ആര്‍ത്തുല്ലസിക്കുമ്പോള്‍
ഒരു നിമിഷമെന്കിലും ജീവിതത്തില്‍
ആനന്ദം  നുകരുവാന്‍ ഇന്നു ഈ
തെരുവിന്റെ മക്കള്‍ക്ക്‌ നിഷേധിച്ചിരിക്കുന്നു...


തെരുവിന്റെ  വീഥിയില്‍ തുടര്‍ന്നയെന്‍ യാത്രയില്‍ 
കണ്ടു ഞാന്‍ വേശ്യാ വസ്ത്രമണിഞ്ഞൊരു യുവതിയെ.
കണ്ണീരു പൊഴിയുമാ യുവതിയുടെ വാക്കുകള്‍ക്ക്
മുന്നിലെന്‍ ഹൃദയവും ഒരു നിമിഷത്തില്‍ വിതുമ്പിയിരുന്നു. 
സ്നേഹത്തിന്‍ കപടത നിറഞ്ഞിടുമൊരു
മനസ്സിന്‍ ഉടമയെ ഞാനും അറിയാതെ
സ്നേഹിച്ചു പോയിരുന്നു..
തെരുവിന്റെ വീഥിയോടു അടുത്തയെന്‍ ദേഹത്തെ
കാശിനായി ഉടുവസ്ത്രം അഴുപ്പിക്കും ജോലിയില്‍
തള്ളിവിട്ടു ആ മനുഷ്യന്‍..
ആനന്തത്തിന്‍ മുത്തുകള്‍ നിറഞ്ഞിടുമെന്‍ ജീവിതത്തില്‍
ഇന്നു വിടരാത്ത പൂവിന്റെ മൊട്ടുകള്‍ മാത്രം ബാക്കിയായിടുന്നു..
രാത്രിയുടെ സുഖത്തിനായി തന്‍ ദേഹത്തിനു വില പറയും
മനുഷ്യരുടെ മുന്നിലായി കേഴുമെന്‍ മനമിന്നു
ജീവനൊടുക്കുവാന്‍ വെമ്പല്‍ കൊണ്ടിടുമ്പോള്‍
അറിയാതെ നിശ്ചലമായി പോകുന്നു എന്‍ ഹൃദയവും,
ഇന്നെന്നിലെ പുതു ജീവനു മുമ്പില്‍....


തെരുവിന്റെ യാത്രകള്‍ നീളുമെന്‍ കണ്ണുകളില്‍
കണ്ടു ഞാന്‍ ഒരു കൂട്ടം യുവാക്കളെ.
കൈലേന്തിയ വാളിന്റെ മുനയില്‍
മണ്ണില്‍ ചോരപ്പുഴ ഒഴുക്കുന്നു ഇന്നിവര്‍.
ദുഷിച്ച മനസ്സുകള്‍ നിറയുന്ന മണ്ണിലെ
കാറ്റിലും ചോര തന്‍ ഗന്ധം അലിഞ്ഞു ചേര്‍ന്നിടുന്നു.
ശാന്തിയുടെ നാളമായി തെളിയുന്ന തിരിയെ
ഊതി കെടുത്തുന്ന മനസ്സിന്‍ ഉടമകളാമിവരിന്നു
മണ്ണിലെ പുതു തലമുറകളിലും വിഷത്തിന്‍ തുള്ളികള്‍ കലര്‍ത്തിടുന്നു...


മരവിച്ച മനസ്സുമായി തുടരുമെന്‍ യാത്രയില്‍
ഇനിയും കാണാത്ത കാഴ്ചകള്‍ നിരവധി.
കണ്‍ കുളിര്‍ക്കെ കണ്ടു മറന്ന കാഴ്ച്ചകള്‍ക്ക് മുന്നിലിനിയും
പ്രതികരിക്കാന്‍ പറ്റാത്ത എന്‍ മനസ്സും ഇന്നു
ഈ വിണ്ണിന് ഭാരമായി മാറിടുന്നു..
ഒന്നുറക്കെ കേഴുവാന്‍ കഴിയാതെ
ഈ മണ്ണില്‍ മരവിച്ച മനസ്സുമായി
എന്‍ ആത്മാവും തുടര്‍ന്നിടുന്നു ഈ യാത്ര....!!